കാഞ്ഞങ്ങാട് : കോവിഡ് ലോക് ഡൗണില്‍ കൗതുകത്തിനായി തുടങ്ങിയ ചിത്രം വര ‘കാര്യമായതോടെ’ ഹൊസ്ദുര്‍ഗിലെ ആധാരമെഴുത്തുകാരന്‍ വെള്ളിക്കോത്തെ പി.പി.കുഞ്ഞിക്കൃഷ്ണന് നായര്‍ വരച്ചൊരുക്കിയത് നാല്പതോളം പെയ്ന്റിങ്ങുകള്‍.
ലോക് ഡൗണില്‍ ഓഫിസ് അടച്ചു വീട്ടിലിരിക്കുമ്പോള്‍ മാതാവ് പരേതയായ പനയന്തട്ട കുഞ്ഞക്കു അമ്മയുടെ ചിത്രം വരച്ചു കൊണ്ടായിരുന്നു തുടക്കം. വീടിന്റെ ചുമരില്‍ മയിലിനെയും കഥകളിയെയും വരച്ചപ്പോള്‍ കുടുംബം നല്കിയ പ്രോല്‍സാഹനത്തില്‍ വര ക്യാന്വാസിലാക്കി. അക്രിലിക് മാധ്യമത്തില്‍ ഇതിനകം 40പെയ്ന്റിങ്ങുകള്‍ ഒരുക്കി. കഥകളി രൂപങ്ങളും പ്രശസ്തരായ കലാ, സാഹിത്യകാരന്മാരുംയ രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളുമൊക്കെ ഇക്കൂട്ടത്തിലുണ്ട്.
ചിത്രകലയില്‍ അഭിരുചിയുണ്ടായിരുന്നുവെങ്കിലും അഭിനയമായിരുന്നു ഇദ്ദേഹത്തിന്റെ തട്ടകം. വിദ്വാന് പി. കേളുനായരുടെ ശ്രീകൃഷ്ണലീലയില്‍ ഉഗ്രസേന മഹാരാജാവിന്റെ വേഷമിട്ട് പതിമൂന്നാം വയസില്‍ സംഗീത നാടക വേദിയിലെത്തി. വെള്ളിക്കോത്ത് യങ്മെന്‍സ് ക്ലബിന്റെ നാടകങ്ങളിലും 1988 ല്‍ കാഞ്ഞങ്ങാട്ട് തുടങ്ങിയ കാകളി തിയറ്റേഴ്സ് പ്രഫഷണല്‍ നാടക ട്രൂപ്പിലും പ്രധാന നടനായി. വടക്കന്‍ പാട്ട് നാടകങ്ങളിലെ കഥാപാത്രങ്ങളെ അനശ്വരമാക്കിയതിന് കേരള ഫോക്ലോര് അക്കാദമിയുടെ പുരസ്കാരവും നേടി.
തച്ചോളിക്കഥയിലെ ചാപ്പനില് തച്ചോളി ഒതേനയായും കാല്‍പ്പാടുകള്‍ തേടിയില്‍ മഹാകവി പി.കുഞ്ഞിരാമന് നായരായും ടെലിഫിലിമുകളിലും വടക്കുംനാഥന് ഉള്‍പ്പെടെയുള്ള സിനിമകളിലും അഭിനയിച്ചു. ആധാരമെഴുത്ത് അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗവും ഹൊസ്ദുര്‍ഗ് യൂണിറ്റ് പ്രസിഡന്റുമാണ്. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ക്യാബിനറ്റ് ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ഭാര്യ ആധാരമെഴുത്ത് അസോസിയേഷന് വനിതാവിങ് സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ ബേബിലതയും മക്കളായ മീര,മേഘ, മയൂര്‍ കൃഷ്ണന് എന്നിവരും ചിത്രരചനയ്ക്ക് പ്രോല്‍സാഹനത്തിന്റെ വര്‍ണം പകരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയാല്ഷ കാഞ്ഞങ്ങാട്ടെ ലളിതകലാ അക്കാദമി ആര്‍ട് ഗ്യാലറിയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ആലോചനയിലാണ് ഇദ്ദേഹം