ആമസോണ്‍ നദീതടങ്ങളില്‍ കണ്ടുവരുന്ന ആനത്താമരയും ‘ആദിവാസി മുത്തശ്ശി’യുമായി പുതിയ രൂപത്തില്‍ നിലമ്പൂരിലെ തേക്ക് മ്യൂസിയം തുറന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയതെന്ന് ചുമതലയുള്ള ഡോ. മല്ലികാര്‍ജുന പറഞ്ഞു.
മാര്‍ച്ച് 15നാണ് മ്യൂസിയവും ജൈവ വൈവിധ്യ ഉദ്യാനവും അടച്ചത്. ഗോത്രവര്‍ഗ സംസ്കൃതിയുടെ അടയാളമായ ആദിവാസി മുത്തശ്ശിയും ആനത്താമരയും ശലഭോദ്യാനവുമാണ് ജൈവ വൈവിധ്യ ഉദ്യാനത്തില്‍ ഇപ്പോഴുള്ള പ്രധാന ആകര്‍ഷണം. പച്ച നിറത്തില്‍ വലിയ വട്ടത്തിലുള്ള ഇതിന്റെ ഇലകളില്‍ നാല്-അഞ്ച് കിലോയുള്ള കുട്ടികളെ ഇരുത്താനാവും.
ആനത്താമരയുടെ പൂക്കള്‍ ഒരു ദിവസം മാത്രമാണ് നിലനില്ക്കുക. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയായിരിക്കും കേന്ദ്രത്തിലേക്കുള്ള പ്രവേശനം. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ കാരണം പ്രവേശനം അനുവദിക്കില്ല.