കട്ടപ്പന: ലോക്ഡൗണിനെ തുടര്‍ന്ന് ആറു മാസത്തിലധികമായി അടച്ചിട്ടിരുന്ന കാല്‍വരി മൗണ്ട് വിനോദസഞ്ചാര കേന്ദ്രം സഞ്ചാരികള്‍ക്കായി തുറന്നു. കട്ടപ്പന-ഇടുക്കി ദേശീയപാതയില്‍ കാല്‍വരി മൗണ്ട് ജങ്ഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ മലമുകളിലേക്ക് കയറിയാല്‍ കല്യാണത്തണ്ട് മലമുകളിലെത്താം. ഇവിടെയാണ് കാല്‍വരി മൗണ്ട് ഇക്കോ ടൂറിസം കേന്ദ്രം. ഇടുക്കി ഡാമിലെത്തുന്ന വിദേശ-സ്വദേശി ടൂറിസ്റ്റുകളില്‍ ഏറെയും കാല്‍വരി മൗണ്ടില്‍ എത്തിയാണ് മടങ്ങുന്നത്.
ആറുമാസത്തിനുശേഷം ടൂറിസ്റ്റ് കേന്ദ്രം തുറന്നതറിഞ്ഞ് നിരവധി പേരാണ് ആദ്യ ദിനം തന്നെ എത്തിയത്. ശരാശരി 500 മുതല്‍ 2000 പേര്‍വരെ കാല്‍വരി മൗണ്ടില്‍ എത്തുന്നുണ്ട്. ചൊവ്വാഴ്ച രണ്ടായിരത്തോളം സന്ദര്‍ശകരാണ് കാല്‍വരി മൗണ്ടില്‍ എത്തിയത്. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും സമൂഹ അകലം പാലിച്ചുമാണ് സഞ്ചാരികള്‍ക്ക് സന്ദര്‍ശന അനുമതി.
ശരീര ഊഷ്മാവ് പരിശോധിക്കുകയും വാഹനങ്ങള്‍ അണുമുക്തമാക്കുകയും ചെയ്ത ശേഷമാണ് വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. ഇടുക്കി ജലാശയത്തിന്റെ വിദൂര ദൃശ്യമാണ് കാല്‍വരി മൗണ്ടിന്റെ പ്രധാന ആകര്‍ഷണം. കോടമഞ്ഞില്‍ പുതഞ്ഞുനില്ക്കുന്ന മലനിരകളും അതിന്റെ താഴ്വാരത്ത് വിശാലമായി പരന്നുകിടക്കുന്ന ഇടുക്കി ജലാശയവും സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കും.
ടൂറിസ്റ്റ് കേന്ദ്രം അടച്ചിട്ടതോടെ ഈ മേഖലയില്‍ ജോലി ചെയ്തിരുന്ന നിരവധിയാളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തിയാല്‍ കാല്‍വരി മൗണ്ടിന് അത് പുത്തനുണര്‍വാകും.