മഴക്കാലം വെള്ളച്ചാട്ടങ്ങളുടെ സമയം കൂടിയാണ്. വേനലില്‍ വറ്റിവരണ്ടുകിടക്കുന്ന പല വെള്ളച്ചാട്ടങ്ങളും ജീവന്‍വെച്ചുണരുന്ന സമയം. ആര്‍ത്തലച്ചു ചിന്നിച്ചിതറി താഴേക്കു പതിക്കുന്ന ആ കാഴ്ച മാത്രം മതി സന്തോഷിക്കുവാന്‍. മഴക്കാലമായതോടെ നാടൊട്ടുക്കും ഇത്തരത്തില്‍ പല വെള്ളച്ചാട്ടങ്ങളും സജീവമായിട്ടുണ്ട്. അത്തരത്തിലൊന്നാണ് ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടത്തിനു സമീപം സ്ഥിതി ചെയ്യുന്ന തൂവല്‍ വെള്ളച്ചാട്ടം.
എത്തിപ്പെടുവാന്‍ അല്പം ബുദ്ധിമുട്ടാണെങ്കിലും ചെന്നെത്തിയാല്‍ തൂവല്‍ വെള്ളച്ചാട്ടം കിടിലനാണ്. മലയുടെ മുകളില്‍ നിന്നും പതഞ്ഞ്പതഞ്ഞ് പതിക്കുന്ന വെള്ളച്ചാട്ടം കണ്ടു നില്ക്കുവാന് തന്നെ വല്ലാത്ത ഭംഗിയാണ്. ചെറിയ തട്ടുതട്ടായാണ് ഇത് താഴേക്ക് പതിക്കുന്നത്. മുകളില്‍ നിന്നു കാണുവാന്‍ സാധിക്കുന്നതിനാല്‍ വലിയ അപകട സാധ്യതയില്ലാതെ കണ്ടുവരുവാനും സാധിക്കും.
നെടുങ്കണ്ടം പഞ്ചായത്തിയില്‍ മഞ്ഞപ്പാറ, ഈട്ടിത്തോപ്പ് പ്രദേശങ്ങളോട് ചേര്‍ന്നാണ് തൂവല്‍ വെള്ളച്ചാട്ടമുള്ളത്. മഞ്ഞപ്പാറ വഴിയോ ഈട്ടിത്തോപ്പു വഴിയോ ഇവിടെ എത്താം. ഏതു വഴിയാണെങ്കിലും മലയിറങ്ങി കൃഷിയിടങ്ങളിലൂട നടന്നു മാത്രമേ എത്തിച്ചേരുവാന്‍ സാധിക്കൂ. വാഹനം പോകുന്ന റോഡ് വെള്ളച്ചാട്ടത്തിലേക്കില്ല.
ചിന്നാര്‍ പുഴയിലേക്കും പെരിയാറിലേക്കുമാണ് തൂവല്‍ വെള്ളച്ചാട്ടത്തിലെ വെള്ളം ഒഴുകിയെത്തുന്നത്. അതിമനോഹരമായ കാഴ്ചകളും വെള്ളച്ചാട്ടത്തിനു കൂട്ടായി ഇവിടെ ഉണ്ട്.