CLOSE

അവസാന മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

മോര്‍മുഗാവോ: ഐഎസ്എല്‍ അവസാന മത്സരത്തിലും തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്.

മഞ്ഞപ്പടയുടെ സീസണിലെ ഒന്‍പതാം പരാജയമായിരുന്നു ഇത്. കഴിഞ്ഞ എട്ടുകളികളില്‍ ഒന്നില്‍പോലും ജയിക്കാനാവാതെയാണ് ബ്ലാസ്റ്റേഴ്‌സ് സീസണ്‍ അവസാനിപ്പിക്കുന്നത്. ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് പ്ലേ ഓഫ് ഉറപ്പിച്ചു.

മലയാളി താരം വി.പി സുഹൈര്‍, ലാലെങ്മാവിയ എന്നിവരാണ് നോര്‍ത്ത് ഈസ്റ്റിനായി ഗോള്‍ നേടിയത്. കളിയുടെ ആദ്യ പകുതിയിലായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ രണ്ടു ഗോളുകളും. തുടക്കം മുതല്‍ ജയിക്കാനായി നോര്‍ത്ത് ഈസ്റ്റ് ആക്രമിച്ചു കളിച്ചപ്പോള്‍ കേരള ഗോള്‍ മുഖം വിറച്ചു.

ആദ്യ അമ്ബരപ്പിനു ശേഷം താളം കണ്ടെത്തിയ ബ്ലാസ്റ്റേഴ്‌സിന്റെ താളം തെറ്റിക്കുന്നതായിരുന്നു സുഹൈറിന്റെ ഗോള്‍. ഖസാ കമാറയില്‍നിന്ന് പന്ത് സ്വീകരിച്ച് ബോക്‌സിലേക്ക് ഓടിക്കയറിയ സുഹൈറിനെ തടയാന്‍ സന്ദീപ് സിംഗിന്റെ വൃഥാശ്രമം. ബോക്‌സിലേക്ക് കയറിയ സുഹൈറിനെ ഗോള്‍ കീപ്പര്‍ ആല്‍ബിനോ മുന്നോട്ടുകയറിവന്നു പ്രതിരോധിച്ചു. ആല്‍ബിനോയെയും മറികടന്ന സുഹൈര്‍ ഗോളിയില്ലാ പോസ്റ്റിലേക്ക് പന്തിനെ പറഞ്ഞയച്ചു.

ആദ്യ ഗോള്‍ നേടി 10 മിനിറ്റിനുള്ളില്‍ രണ്ടാം ഗോളും കണ്ടെത്തിയ നോര്‍ത്ത് ഈസ്റ്റ് മത്സരം വരുതിയിലാക്കി. സീസണിലെ തന്നെ മനോഹരമായ ഗോളാണ് ലാലെങ്മാവിയയുടെ ബൂട്ടില്‍നിന്നും പിറന്നത്. ബോക്‌സിനു വെളിയില്‍ ഇടത് മൂലയില്‍നിന്നും മാവിയയുടെ കിടിലന്‍ ലോംഗ് ഷോട്ട്. റോക്ക്റ്റ് ഷോട്ട് കുത്തിയകറ്റാന്‍ ആല്‍ബിനോ മുഴുനീള ഡൈവ് ചെയ്‌തെങ്കിലും പോസ്റ്റിന്റെ മേല്‍ക്കൂരയില്‍ ഇടിച്ച് പന്ത് ഗോളിലേക്കിറങ്ങി.

രണ്ട് ഗോള്‍ ലീഡ് നേടിയ നോര്‍ത്ത് ഈസ്റ്റ് രണ്ടാം പകുതിയില്‍ പ്രതിരോധത്തിലേക്ക് പിന്‍വാങ്ങിയാണ് കളിച്ചത്. അവസാന മത്സരത്തില്‍ മികച്ചൊരു നീക്കംപോലും ബ്ലാസ്റ്റേഴ്‌സിന് നടത്താനായില്ലതും ആരാധകരെ നിരാശരാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *