കോഴിക്കോട്: നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമം തുടരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗവ്യാപനം തടയാനുള്ള മാര്‍ഗങ്ങളെല്ലാം സ്വീകരിച്ചുവെന്നും, സമ്പര്‍ക്കപ്പട്ടിക കുറ്റമറ്റതാക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയെന്നും മന്ത്രി അറിയിച്ചു.
188 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. രോഗലക്ഷണങ്ങള്‍ ഉള്ള മൂന്ന് പേര് ഉള്‍പ്പടെ 20 പേര് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്. ഏഴ് പേരുടെ സ്രവ സാമ്പിളുകള്‍ കൂടി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. കൂടുതല്‍ പേരെ നിരീക്ഷണത്തിലാക്കാനായി ആശാ വര്‍ക്കര്‍മാര്‍ പ്രദേശത്ത് പ്രവര്‍ത്തനം തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.
അതേസമയം നിപ വൈറസ് പടര്‍ന്നത് റംബുട്ടാനില്‍ നിന്നാകാമെന്നാണ് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക നിഗമനമെന്ന് മന്ത്രി എ.കെശശീന്ദ്രന് പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘം തൃപ്തി അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തി.