പാലക്കാട് ടൗണില്‍ പോസ്റ്റ് ഓഫീസിനു തൊട്ടടുത്തുള്ള ഒഴിഞ്ഞ സ്ഥലത്താണ് മുപ്പതിലധികം പോത്തുകള്‍ അനാഥരായി ഭക്ഷണവും വെള്ളവുമില്ലാതെ നരകയാതന അനുഭവിക്കുന്നത്. സ്ഥലത്തിന്റെ ഉടമ പോലും അറിയാതെയാണ് പോത്തുക്കളെ ഇവിടെ കെട്ടിയിരിക്കുന്നത്. ശബ്ദങ്ങള്‍ കേട്ട് ചെന്ന നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചതെങ്കിലും ഇതുവരെ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല.
ഭക്ഷണവും വെള്ളവുമില്ലാതെ നാട്ടുകാരുടെ കണ്ണില്‍പ്പെടുമ്പോഴേക്കും രണ്ട് പോത്തുകള്‍ ചത്തിരുന്നു. മറ്റുള്ളവയെല്ലാം എല്ലും തോലുമായിട്ടായിരുന്നു കാണപ്പെട്ടത്. പ്രദേശത്തെ സാമൂഹ്യപ്രവര്‍ത്തകര്‍ എല്ലാം ചേര്‍ന്ന് എത്തിച്ച പുല്ലും വെള്ളവുമാണ് ഇപ്പോള്‍ പോത്തുകള്‍ക്ക് ആകെയുള്ള ഒരാശ്വാസം. സ്ഥലയുടമയായ കോഴിക്കോട് സ്വദേശിയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കൊല്ലം സ്വദേശിയുടേതാണ് പോത്തുകള്‍ എന്നാണ് നാട്ടുകാരുടെ പ്രഥമ അന്വേഷണത്തില്‍ അറിയാനായത്. പോലീസ് നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ കൃത്യമായ വിവരങ്ങള്‍ ലഭിയ്ക്കൂ. എന്ത് തന്നെയായാലും മിണ്ടാപ്രാണികളോടുള്ള ഈ ക്രൂരത അസ്സഹനീയമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.