കാഞ്ഞങ്ങാട്: വിനോദ രംഗത്ത് നഗരത്തിന്റെ മുഖഛായ മാറ്റുന്ന കാഞ്ഞങ്ങാട് ടൗണ്‍ സ്ക്വയറിന്റെ നിര്‍മാണം പുരോഗമിക്കുന്നു. കാസര്‍കോട് വികസന പാക്കേജില്‍പ്പെടുത്തി 59 ലക്ഷത്തിന്റെ പദ്ധതിയും ടൂറിസം വകുപ്പിന്റെ പദ്ധതിയില്‍പ്പെടുത്തി 4.98 കോടിയുടെ പദ്ധതിയുമാണ് നടപ്പാക്കുന്നത്. രണ്ടു പ്രവൃത്തികളും അതിവേഗം പുരോഗമിക്കുകയാണ്. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളിന് മുന്നിലാണ് നിര്‍മാണങ്ങള്‍ നടക്കുന്നത്. ഇവിടെ ആംഫി തിയറ്ററും നടപ്പാതയും ഭക്ഷണശാലയും പാര്‍ക്കിങ് ഏരിയയും ഉണ്ടാവും. ഇതിന് പുറമേ ഏഴു ലക്ഷം ചെലവിട്ട് ശുചിമുറി സമുച്ചയവും നിര്‍മിക്കുന്നുണ്ട്. പ്രവൃത്തിയുടെ പുരോഗതി ഇ ചന്ദ്രശേഖരന് എം.എല്‍.എയും നഗരസഭ ചെയര്പേഴ്സന് കെ.വി സുജാതയും സന്ദര്‍ശിച്ചു.
ടൗണ്‍ സ്ക്വയര്‍ 1.53 ഹെക്ടര്‍ സ്ഥലത്ത് വ്യാപിക്കുമെന്നാണ് കണക്കാക്കുന്നത്. ഹോസ്ദുര്‍ഗ് കോട്ടയുടെ സമീപത്ത് 60 സെന്റ് സ്ഥലം റവന്യൂ വകുപ്പ് ടൗണ്‍സ്ക്വയര്‍ നിര്‍മിക്കാനായി ടൂറിസം വകുപ്പിന് വിട്ടുനല്‍കിയിരുന്നു. മുനിസിപ്പല്‍ കാര്യാലയവും ഭരണ സംബന്ധമായ കെട്ടിടങ്ങളും പോലീസ് സ്റ്റേഷനും കോടതിയുമെല്ലാം ഉള്‍പ്പെടുന്ന നഗരഭരണ സിരാകേന്ദ്രത്തിലായിരിക്കും സ്ക്വയര്‍. 7.75കോടി രൂപയുടെ പദ്ധതിയാണ് ആദ്യം സമര്‍പ്പിച്ചത്. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ചില മാറ്റങ്ങള്‍കൂടി പരിഗണിച്ചു.
ഒരേസമയം 15കാറുകള്‍ക്കും 20 ടൂവീലറുകള്‍ക്കും പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം, കച്ചവടസ്ഥാപനങ്ങള്‍ക്കുള്ള സൗകര്യം, റെയിന്‍ പവലിയനും അനുബന്ധമായി കച്ചവടത്തിനുള്ള സൗകര്യവും, റാമ്പുകള്‍, ഇരിപ്പിടങ്ങള്‍, സ്ത്രീകളുടെയും പുരുഷന്മാരുടെയും ശുചിമുറി, മുലയൂട്ടുന്ന അമ്മമാര്‍ക്ക് പ്രത്യേക സൗകര്യം, സ്റ്റോര്‍ റൂം, ഇലക്ട്രിക്കല്‍ റൂം, ലഘുഭക്ഷണശാല, ഗെയിമിങ് സോണ്‍, പ്രദര്‍ശന നഗരി, മഴവെള്ള സംഭരണി, തെരുവു വിളക്കുകള്‍, വയോജന വിശ്രമകേന്ദ്രം, കുട്ടികളുടെ കളിസ്ഥലം, സി.സി.ടി.വി സംവിധാനം, സെക്യൂരിറ്റി കാബിന്, പരസ്യബോര്‍ഡുകള്‍ വെക്കാനുള്ള സംവിധാനം, വാട്ടര്‍ ടാങ്ക്, ദിശാസൂചന നല്കുന്ന ബോര്‍ഡുകള്‍, ആംഫി തിയറ്റര്‍, ആര്‍ട്ട് ഗാലറി, വായനകേന്ദ്രം തുടങ്ങിയ സൗകര്യങ്ങളുണ്ടാവും. ടൗണ്‍ സ്ക്വയറി!!െന്റ പ്രവൃത്തിയുടെ ഭാഗമായി 40 വര്‍ഷം പഴക്കമുള്ള ബസ് സ്റ്റോപ്പ് കെട്ടിടം പൊളിച്ചു നീക്കിയിരുന്നു.