നീലേശ്വരം : വാദ്യാസ്വാദകര്‍ക്കു വിരുന്നായി അഞ്ചാം ക്ലാസുകാരന്റെ തായമ്പക അരങ്ങേറ്റം. നീലേശ്വരം കൊഴുന്തില്‍ ദേവികൃപയിലെ ശ്രാവണ്‍ സന്തോഷാണ് (11) നീലേശ്വരം മന്നന്‍പുറത്തുകാവ് ക്ഷേത്രനടയില്‍ അരങ്ങേറ്റം നടത്തിയത്. വീരശൃംഖല ജേതാവായ വാദ്യകലാകാരന് നീലേശ്വരം നാരായണ മാരാരില്‍ നിന്നു ഗണപതിക്കൈ കൊട്ടി 2019 ലെ വിജയദശമിക്കാണ് ശ്രാവണ്‍ വാദ്യ വിദ്യാരംഭം നടത്തിയത്. പിതാവും പ്രശസ്ത വാദ്യകലാകാരനുമായ നീലേശ്വരം സന്തോഷിന്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം. ചെമ്പടവട്ടം, ചെമ്പടക്കൂറ്, ഇടവട്ടം, ഇടനില, ഇരികിട എന്നീ താളക്രമത്തില്‍ കൊട്ടിക്കയറി ആസ്വാദകര്‍ക്കു മുന്നില്‍ ഒരു മണിക്കൂര്‍ തായമ്പക അവതരിപ്പിച്ചു. വാദ്യകുലപതികളായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, പെരുവനം കുട്ടന് മാരാര്‍ എന്നിവരുടെ അഭിനന്ദനവും ശ്രാവണിനു ലഭിച്ചു. പള്ളിക്കര സെന്റ് ആന്‍സ് എയുപിഎസ് വിദ്യാര്‍ഥിയാണ്. ശ്രാവണിന്റെ വാദ്യപഠനത്തിന് ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫിസ് ജീവനക്കാരിയായ മാതാവ് എം.ബി.ഷീന, അനുജന് ശ്രീദേവ് എന്നിവരുടെയും പിന്തുണയുണ്ട്.
വാദ്യാസ്വാദകര്‍ക്കു വിരുന്നായി അഞ്ചാം ക്ലാസുകാരന്റെ തായമ്പക അരങ്ങേറ്റം; നീലേശ്വരം കൊഴുന്തിലെ ശ്രാവണ്‍ സന്തോഷാണ് മന്നന്‍പുറത്തു കാവില്‍ അരങ്ങേറ്റം നടത്തിയത്
