ഇറ്റാലിയന്‍ ആഡംബര ബൈക്ക് നിര്‍മാതാക്കളായ ബെനേലിയുടെ സ്ക്രാംബ്ലളര്‍ ബൈക്ക് മോഡലായ ലിയന്സിനോ 500-ന്റെ പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ബി.എസ്-6 എന്‍ജിനൊപ്പം പുത്തന്‍ നിറങ്ങളും നല്കി എത്തിയിട്ടുള്ള ഈ വാഹനത്തിന് 4.59 ലക്ഷം രൂപ മുതല്‍ 4.69 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. മുന്‍ മോഡലിനെക്കാള്‍ വില കുറച്ചാണ് പുതിയ പതിപ്പ് എത്തിയിട്ടുള്ളത്. 2019 ലിയന്സിനോ 500-ന് 4.79 ലക്ഷത്തിലാണ് വില ആരംഭിച്ചിരുന്നത്.
ബെനേലിയുടെ ഐതിഹാസിക ബൈക്കുകള്‍ക്കുള്ള ആദര സൂചകമായാണ് ലിയന്സിനോ 500 ഒരുങ്ങിയിട്ടുള്ളത്. ഈ ബൈക്കുകളുടെ ഡിസൈന്‍ ശൈലി പിന്തുടര്ന്ന് ഒരുങ്ങിയിട്ടുള്ള ഈ ബൈക്ക് മികച്ച പ്രകടനവും ആകര്‍ഷകമായ സ്റ്റൈലുമാണ് നല്‍കുന്നതെന്ന് ബെനേലി ഇന്ത്യ മേധാവി അഭിപ്രായപ്പെട്ടു. മുന്‍ മോഡലില്‍ നിന്ന് കരുത്തിലും പ്രകടനത്തിലും കുറവ് വരുത്താതെയാണ് ബി.എസ്-6 മോഡല്‍ എത്തിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.
സ്റ്റീല്‍ ട്രെല്ലീസ് ഫ്രെയിമിലാണ് ലിയന്സിനോ 500 ഒരുങ്ങിയിട്ടുള്ളത്. റൗണ്ട് ഷേപ്പിലുള്ള എല്‍.ഇ.ഡി. ഹെഡ്ലൈറ്റ്, ചെറിയ വിന്‍ഡ് സ്ക്രീന്‍, സ്റ്റൈലിഷായി ഡിസൈന്‍ ചെയ്തിട്ടുള്ള പെട്രോള്‍ ടാങ്ക്, ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സിംഗിള്‍ പീസ് സീറ്റ്, നേര്‍ത്ത പിന്‍ഭാഗം, എല്‍.ഇ.ഡി.ടെയില്ലാമ്ബും ഇന്‍ഡിക്കേറ്ററുകളും, സ്പോര്‍ട്ടി ഭാവമുള്ള എക്സ്ഹോസ്റ്റ് എന്നിവയാണ് ലിയന്സിനോ 500-നെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍.
2160 എം.എം നീളവും 875 എം.എം വീതിയും 1160 എം.എം ഉയരവും 1490 എം.എം വീല്‍ബേസുമാണ് ലിയന്സിനോ 500-നുള്ളത്. 160 എം.എമ്മിന്റെ ഗ്രൗണ്ട് ക്ലിയറന്‍സും ഈ ബൈക്കില്‍ ഒരുക്കിയിട്ടുണ്ട്. 12.7 ലിറ്ററാണ് ഫ്യുവല്‍ ടാങ്കിന്റെ കപ്പാസിറ്റി. 17 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളാണ് ഈ ബൈക്കില്‍ നല്‍കിയിട്ടുള്ളത്. മുന്നില്‍ 50 എം.എം അപ്പ്സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കുമാണ് സസ്പെന്ഷനൊരുക്കുന്നത്.