പാലക്കുന്നില്‍ കുട്ടി
ദൈവഭക്തിയും ഭയവും മൂല്യബോധചിന്തകളും സര്‍ഗാത്മക ചിന്താശൈലിയും ആത്മീയതയും ക്രിയാത്മക വ്യക്തിത്വവും ഒപ്പം ഔദ്യോഗിക നിര്‍വഹണത്തിലെ കൃത്യനിഷ്ഠയും ഒത്തിണങ്ങി സമരസപെട്ടൊരാള് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതിയുടെ അമര സ്ഥാനത്തുനിന്ന് വിടപറയുകയാണ്. ഭരണസമിതിയുടെ അധ്യക്ഷ സ്ഥാനത്ത് രണ്ട് വട്ടം സമയപരിധിയുടെ ആറ് വര്‍ഷം പൂര്‍ത്തിയാക്കി പിന്തുടര്ച്ചക്കാരന്
അധികാരം കൈമാറി അഡ്വ. കെ. ബാലകൃഷ്ണന് ഈ മാസം 15ന് സ്ഥാനമൊഴിയുകയാണ്. ഉദയമംഗലം സുകുമാരന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിക്ക് ക്ഷേത്ര ഭണ്ഡാര വീട്ടിലെ തിരുനടയില്‍ അന്ന് അധികാരകൈമാറ്റം നടക്കും.
തൃക്കണ്ണാട് നിന്ന് തുടക്കം
തൃക്കണ്ണാട് ത്രയമ്പകേശ്വര ക്ഷേത്ര ഉത്സവാഘോഷ കമ്മിറ്റിയുടെ സെക്രട്ടറിയായി പത്ത് വര്‍ഷക്കാലം പ്രവര്‍ത്തിച്ച മികവുമായാണ് ചിറമ്മല്‍ പ്രാദേശിക സമിതിയിലൂടെ 2000ല്‍ പാലക്കുന്ന് ക്ഷേത്ര ഭരണസമിതിയിലെത്തി സെക്രട്ടറിയാകുന്നത്. 2015 വരെ ആ സ്ഥാനം ഇടവേളകളില്ലാതെ നിലനിര്‍ത്തിയ ശേഷമാണ് 48-ആം വയസില്‍ 2016 ല്‍ ക്ഷേത്ര ഭരണസമിതിയുടെ പ്രസിഡന്റാവുന്നത്. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കഴകത്തിന്റെ പ്രസിഡന്റാകുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം. തുടര്‍ന്ന് 2018ല്‍ വീണ്ടും പ്രസിഡന്റായി കാലയളവ് പൂര്‍ത്തിയാക്കുമ്പോള്‍, 21 വര്‍ഷം ‘തുടര്‍ച്ചയായി’ ക്ഷേത്ര ഭരണസമിതിയില്‍ ഭാരവാഹിത്വം വഹിച്ചുവെന്ന ഒരപൂര്‍വ ബഹുമതി കൂടി ബാലകൃഷ്ണന്റെ പേരില്‍ കുറിക്കപ്പെടുകയാണിവിടെ.നിലവിലെ ഭരണഘടന ഭേദഗതിയനുസരിച്ച് ഭാരവാഹിയായി രണ്ട് വട്ടം കാലാവധി പൂര്‍ത്തിയാക്കിയ കേന്ദ്ര ഭരണസമിതി അംഗത്തിന് തൊട്ടടുത്ത തവണ തിരഞ്ഞെടുക്കപ്പെടാന്‍ വിലക്കുള്ളതിനാല്‍ ബാലകൃഷ്ണന്റെ പേരിലുള്ള ഈ റെക്കാര്‍ഡ് കഴക ചരിത്രത്തില്‍ തിരുത്തപ്പെടാതെ എന്നും നിലനില്ക്കും. പരേതനായ പി.വി. കുഞ്ഞപ്പ മാസ്റ്റരും സി.എച്ച്. നാരായണനും ബാലകൃഷ്ണനേക്കാല് കൂടുതല്‍ കാലം ഭരണവാഹിത്വം വഹിച്ചിരുന്നുവെങ്കിലും അതിന് ഇടവേളകള്‍ ഉണ്ടായിയിരുന്നു.
സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച ഏറെ പേര് മുന്‍പ് ഇവിടെ പ്രസിഡന്റായിരുന്നുവെങ്കിലും ഒരു വക്കില്‍ ആ സ്ഥാനത്തെത്തുന്നത് ആദ്യമായിട്ടായിരുന്നു . നിലവില്‍ കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി(III) യില്‍ അഡീഷണല്‍ ഗവ. പ്ലീഡര്‍ & പബ്ലിക് പ്രോസിക്യൂട്ടര്‍ ആണ് ബാലകൃഷ്ണന്.
കാസര്‍കോട് തന്‍ബിഹുല്‍ ഇസ്ലാമിക് ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപിക വിജയകലയും മകള്‍ ദേവികയും അമ്മ കല്യാണിക്കുമൊപ്പം തൃക്കണ്ണാട് ‘ചൈത്ര’ത്തിലാണ് താമസം. പരേതനായ കുമാരനാണ് അച്ഛന്. മംഗളൂര് എസ്. ഡി.എം. ലോ കോളേജില്‍ നിന്ന് നിയമ ബിരുദം പൂര്‍ത്തിയാക്കി കാസര്‍കോട് ബാറില്‍ അഡ്വ എ.ജി. നായരുടെ കീഴില്‍ പ്രാക്ടീസ് ആരംഭിച്ചു.
അഭിമാനിക്കാന്‍ നേട്ടങ്ങളേറെ
പ്രസിഡന്റ് എന്ന നിലയില്‍ ഒത്തിരി സുപ്രധാന നാഴികകല്ലുകള്‍ ആറ് വര്‍ഷത്തെ ഭരണനേട്ട പട്ടികയില്‍ അഭിമാനിക്കാനായിട്ടുണ്ടെങ്കിലും അതെല്ലാം കൂട്ടായ്മയുടെ വിജയമാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. അതില്‍ ഏറ്റവും പ്രധാനപെട്ടതാണ് 2016 മെയ് 2 മുതല്‍ 8 വരെ ക്ഷേത്രത്തിലും ഭണ്ഡാരവീട്ടിലും നടന്ന പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം. മേലെ ക്ഷേത്രത്തില്‍ നിത്യദീപം എന്ന സങ്കല്പം യഥാര്ഥ്യമായതും ഇതോടൊപ്പം കൂട്ടിവായിക്കാം.
പാലക്കുന്ന് കഴകത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ് പെരുമുടിത്തറയും മേല്‍ത്തറയും, കീഴ്ത്തറയും. അതില്‍ കീഴ്ത്തറയ്ക്ക് തറവാട്ഭവനം നിര്‍മിക്കാനുണ്ടായ ഏറെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ട് പ്രാദേശിക സമിതികളുടെ സഹകരണത്തോടെ ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തില്‍ അത് പൂര്‍ത്തിയാക്കാനും 2016ല്‍ പ്രതിഷ്ഠ കര്‍മങ്ങള്‍ നടത്താന്‍ സാധിച്ചതും നേട്ടമായി കണക്കാക്കാം.
നീണ്ട ഇടവേളയ്ക്ക് ശേഷം പ്രഗത്ഭരായ പൂരക്കളി പണിക്കന്മാരെ പങ്കെടുപ്പിച്ച് മറുത്തു കളിയും ഈ കാലയളവില്‍ നടന്നിരുന്നു .
തെയ്യംകെട്ടുത്സവം ഒന്നുമതി
മുന്‍കാലങ്ങളില്‍ അപൂര്‍വമായി മാത്രം നടത്തിയിരുന്ന തീയ്യ സമുദായ തറവാടുകളിലെ വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവങ്ങളുടെ ബാഹുല്യം മൂലം അനുഷ്ഠനങ്ങളുടെ പ്രാധാന്യം കുറഞ്ഞു പോവുകയും അതിനായുള്ള ഒരുക്കങ്ങളും പണചെലവും വര്‍ധിച്ചുവരുന്നതുമായ സാഹചര്യത്തില്‍ അതിനൊരു നിയന്ത്രണം അനിവാര്യമാണെന്ന പൊതുവികാരം കണക്കിലെടുത്ത് 2021 മുതല്‍ പാലക്കുന്ന് കഴക പരിധിയില്‍ തെയ്യംകെട്ടുത്സവങ്ങള്‍ വര്‍ഷത്തില്‍ ഒന്നാക്കി പരിമിതപ്പെടുത്തിയതും ബാലകൃഷ്ണന് പ്രസിഡന്റായിരുന്ന കാലയളവിലാണ്.
ക്ഷേത്രം വകയിലുള്ള ഉദുമ പടിഞ്ഞാര്‍ അംബിക, കരിപ്പോടി എ.എല്‍.പി സ്കൂളുകളില്‍ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അംബിക സ്കൂളില്‍ ഒരു പുതിയ കെട്ടിടമടക്കം ആറ് ക്ലാസ് മുറികളും കരിപ്പോടിയില്‍ പുതിയ ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയും പൂര്‍ത്തിയാക്കാനും ഭരണസമിതിക്ക് സാധിച്ചു.
സഭ നിയന്ത്രിക്കാന്‍ കേമന്‍
അഡ്വ. ബാലകൃഷ്ണന് സഭ നിയന്ത്രിക്കാന്‍ കേമനാണെന്ന പട്ടം മഹാസഭയിലെത്തുന്നവര് പരസ്പരം പങ്ക് വെക്കാറുണ്ട്. സൗമ്യമായ പെരുമാറ്റവും താന്‍ ഉപയോഗിക്കുന്ന ഭാഷ പ്രയോഗത്തിലെ നിഷ്ഠയും അനാവശ്യ പ്രതികരണങ്ങളും വിവാദങ്ങള്‍ ഒഴിവാക്കാനുള്ള മിടുക്കും മഹാസഭ നിയന്ത്രിക്കുന്നതില്‍ പ്രത്യേക ഘടകമായിരുന്നു.
സൗമ്യവും എന്നാല്‍ വ്യക്തമായ കാഴ്ചപ്പാടോടുകൂടിയ സമീപനരീതിയും എല്ലാവരിലും മതിപ്പുളവാക്കിയിട്ടുണ്ട്. മറ്റു ഉപസമിതികളുമായി നല്ല ബന്ധം നിലനിന്നു പോകാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തെറ്റായ കാര്യങ്ങള്‍ മുഖം നോക്കാതെ പറയാനും മറ്റുള്ളവരുടെ ശരികള്‍ ഉള്‍ക്കൊള്ളാനും മടികാണിക്കാറില്ല.
വര്‍ത്തമാന കാലത്തിന്റെ സാമൂഹിക സമുദായിക സാംസ്കാരിക മേഖലലകളില്‍ പോലും ഇടപെടേണ്ടിവരുന്ന സ്ഥാനമാണ് കഴകത്തിന്റെ പ്രസിഡന്റിന്റെത്. ഏറ്റവും വലിയൊരു കഴകത്തിന്റെ അമരത്തിലിരിക്കുമ്പോള് സ്വാഭാവികമായും ഉണ്ടായേക്കാവുന്ന വെല്ലുവിളികളെ സധൈര്യം നേരിടാനുള്ള കെല്‍പ്പും സൂത്രവാക്യങ്ങളും 15 വര്‍ഷം സെക്രട്ടറിസ്ഥാനത്തിരിക്കെ പൂര്‍വഗാമികളില്‍ നിന്ന് സ്വയാത്തമാക്കിയതിന്റെ അനുഭവ സമ്പത്ത് നിസ്സാരമല്ല. ഏറെ ഉത്തരവാദപ്പെട്ട ജോലിത്തിരക്കിനിടയിലും തനിക്ക് അനുവദിക്കപ്പെട്ട ദൂരമത്രയും വീഴ്ചകളില്ലാതെ നടന്നു തീര്‍ത്തുവെന്ന ചാരിതാര്‍ഥ്യത്തോടെയാണ് അഡ്വ. ബാലകൃഷ്ണന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇറങ്ങുന്നത്. മുന്നേ നടന്നവര്‍ക്കും ആചാര സ്ഥാനികര്‍ക്കും ഈ കാലയളവില്‍ ഒപ്പം കൈകോര്ത്തവര്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഈ മടക്കം. ഈ പിന്മാറ്റം താത്കാലികമാണോ എന്ന ചോദ്യത്തിന് ഉത്തരം സ്വതസിദ്ധമായൊരു rചെറുപുഞ്ചിരിയില്‍ ഒതുക്കി വിഷയത്തില്‍ നിന്ന് പിന്മാറുകയായിരുന്നു ഇഷ്ടക്കാരുടെയും സഹപ്രവര്‍ത്തകരുടെയും സ്വന്തം വക്കില്‍.