CLOSE

പുരസ്‌കാര നിറവില്‍ മുകുന്ദന്‍ പെരുമലയന്‍

നവനീതം ട്രസ്റ്റിന്റെ 2020 ലെ ‘ഭരത് കലാഭാസ്‌ക്കര്‍’ പുരസ്‌കാരത്തിന് ഉത്തരമലബാറിന്റെ അനുഷ്ഠാനമായ തെയ്യം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കളിങ്ങോത്തെ മുകുന്ദന്‍ ഇളംകുറ്റി പെരുമലയന്‍ അര്‍ഹനായി. 50000 രൂപയും പ്രശസ്തി പത്രവുമാണ് നല്‍കുക.

അനുഷ്ഠാന വഴിയിലെ അതികായന്‍

പാടി പുകഴ്ത്താന്‍ പണന്മാരില്ലാത്തത് ഒരു പരിധിക്കപ്പുറം അറിയപ്പെടാതെ പോയ പ്രതിഭ മുകുന്ദന്‍ ഇളംകുറ്റി പെരുമലയന്‍ സമുദായത്തിലെ ഒട്ടുമിക്ക തെയ്യങ്ങളെയും തന്നിലേക്ക് ആവാഹിച്ച് ദൈവരൂപമായി ഉറഞ്ഞാടിയ പച്ച മനുഷ്യന്‍. കാലത്തിന്റെ കുത്തൊഴുക്കില്‍ വിസ്മരിച്ചു പോകുകയോ അല്ല വേണ്ടെന്ന് വെച്ചതോ ആയ കുലാചാര മര്യാദകളെ ഇന്നും ചിട്ടയോടെ സംരക്ഷിക്കുന്ന, ഇനിയൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഇവ അവശ്യ ഘടകളാണെന്നു ഉറച്ചു വിശ്വസിക്കുന്ന ആളാണ് പെരുമലയന്‍. തന്നില്‍ അര്‍പ്പിക്കപ്പെട്ട കര്‍മ്മത്തില്‍ യാതൊരു വിധത്തിലുളള വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഇന്നിന്റെ ആശ്ചര്യം ! അത് കൊണ്ട് തന്നെ ഇന്നിന്റെ മാധ്യമ ലോകത്തിന് പെരുമലയന്‍ അപ്രാപ്യനായി.

കോലാത്തെ ധരിച്ച് കോലധാരി എന്ന ചട്ടക്കൂടില്‍ മാത്രം ഒതുങ്ങി നിന്നു. പകര്‍ന്നാടിയ തെയ്യങ്ങള്‍ മാത്രമല്ല അറിവുകളുടെ വ്യാപ്തി കൊണ്ടും ഒരു നിധിയായി വാഴ്ത്താന്‍ അര്‍ഹനായ വ്യക്തി,
ബാല്യത്തിലെ ഹൃദ്യസ്ഥമാക്കിയ അമരകോശം, മണിപ്രവാളം, വേദാന്തം , ബാലപ്രബോധനം, ശ്രീരാമോദന്തം തുടങ്ങിയവ അതിലേക്കുള്ള ആദ്യ ചുവട് വെയ്പ്പ് ആയിരുന്നു. എന്നാല്‍ ഇതൊന്നും തന്റെ കഴിവല്ലെന്നും ദൈവതുല്ല്യം ആരാധിക്കുന്ന തന്റെ പിതാവ് കോലധാരികളിലെ ചൂഡാമണി കെ എം കണാരന്‍ പണിക്കരുടെ ആശീര്‍വാദനുഗ്രഹങ്ങളാണെന്നും പറഞ്ഞു നിര്‍ത്തും മുന്‍പേ പെരുമലയന്റെ കണ്ണ് നിറഞ്ഞൊഴുകുന്നത് കാണാം.

1940 – കാലഘട്ടങ്ങളില്‍ നീലേശ്വരം തൊട്ട് മഞ്ചേശ്വരം വരെയുള്ള മലയസമുദായ ഭവനങ്ങളിലും തറവാടുകളിലും തെയ്യം കഴിപ്പിക്കല്‍ വിരളമായിരുന്ന കാലത്ത് പോലും 99 -ഓളം വിഷ്ണുമൂര്‍ത്തിയുടെ കോലം ധരിക്കാന്‍ കണാരന്‍ പണിക്കര്‍ ചിലമ്പണിഞ്ഞു എന്നത് കോള്‍ക്കുമ്പോള്‍ തന്നെ അദ്ദേഹം ഇങ്ങനെയുള്ള കോലക്കാരനായിരുന്നു എന്നതിന് കൂടുതല്‍ എഴുതേണ്ടുന്ന ആവശ്യം വരുന്നില്ല. ആ അച്ഛന്റെ പാത പിന്തുടര്‍ന്ന് കുലാനുഷ്ഠാനമായ മന്ത്രവാദവും അനുബന്ധങ്ങളും നാട്ടുവഴക്കങ്ങളെ കുറിച്ചുളള അറിവുകൊണ്ടും പെരുമലയന്‍
മറ്റൊരു ചൂഡാമണിയായി വളര്‍ന്ന് വന്നതും.

പുടവലമാം മുക്കാതം നാട്ടില്‍ മുമ്പതായ സ്ഥലമെന്ന് പാടി പതിഞ്ഞ് പെരുമയാര്‍ന്ന കനകാഭമായ കളിങ്ങോം നാട്ടിലെ ഇളംകുറ്റിപെരുമലയന്‍ തറവാട്ടില്‍ കരിച്ചേരി കണാരന്‍ പണിക്കരുടെയും അമ്മ അടോട്ട് കണ്ണന്‍ ഉദയവര്‍മ്മന്‍ പെരുമലയന്റെ മകള്‍ മാണിയുടെയും മകനായി 1946 – ല്‍ ജനനം. ഒന്‍പതാം വയസ്സില്‍ ആടിവേടന്‍ കെട്ടി മനയോലയും ചായില്യവും ചാലിച്ച് ചിലമ്പണിഞ്ഞ് കനലാടിയുള്ള തന്റെ അനുഷ്ഠാന സപര്യയ്ക്ക് തുടക്കം. പതിമൂന്നാം വയസ്സില്‍ ബാവിക്കര ‘നഗരസഭ’യില്‍ നിന്നും പരദേവതയുടെ കോലം ധരിച്ച് പട്ടുംവളയും വാങ്ങി. അരവത്ത് എടമന ചാവടിയില്‍ നാരായണന്‍ വഴുന്നവരില്‍ നിന്നും പണിക്കര്‍ സ്ഥാനം വാങ്ങി. അതേ വര്‍ഷം എടമന ചാവടിയിലെ പെരുങ്കാളിയാട്ടത്തില്‍ വിഷ്ണുമൂര്‍ത്തി, പൊട്ടന്‍ ദൈവം, കുട്ടിശാസ്തന്‍ തെയ്യങ്ങള്‍ പകര്‍ന്നാടി.

ഇരുപത് വര്ഷത്തോളം തുടര്‍ച്ചയായി മൂവാളംകുഴി ചാമുണ്ഡിയുടെ ആരൂഢസ്ഥാനമായ തൃക്കണ്ണാട് ക്ഷേത്രത്തില്‍ തൃക്കണ്ണ്യാലപ്പന്റെ മദിച്ച മസ്താനയെ താന്നിലെക്കാവാഹിച്ച് ഇളംകുറ്റി മുക്കാതം നാടിന്റെ രക്ഷകിയെ സാക്ഷത്കരിച്ചു. ഇളംകുറ്റി സ്വാരൂപത്തിലെ മറ്റു പ്രധാന ദേവതാസാങ്കേതങ്ങള്‍ പെരുന്തട്ട , പാലക്കുന്ന് കഴകം, ചെരിപ്പാടിക്കാവ്, കാനത്തൂര്‍ നാല്‍വര്‍ ദേവസ്ഥാനം,പനയാല്‍ മീത്തലെ വീട്, പുല്ലാക്കൊടി തറവാട്, കോതാര്‍മ്പത്ത് കാവ്, തെരുവത്തമ്പലം, തുടങ്ങി എണ്ണിയാല്‍ തീരാത്ത ദൈവസ്ഥാനങ്ങളിലെ പ്രധാന ആരാധനമൂര്‍ത്തികളെ വര്‍ഷങ്ങളോളം പെരുമലയന്‍ തോറ്റി ചമയ്ച്ചു. പെരുമലയന്റെ തെയ്യത്തിന്റെ രൂപ ,ഗുണ സൗന്ദര്യം എടുത്തു പറയേണ്ട ഒന്നാണ്.

ചണ്ഡികാഭാവത്തിന്റെ പൂര്‍ണ്ണതയും നാരസിംഹമൂര്‍ത്തിയുടെ ഹുങ്കാര ശബ്ദ ഭാവങ്ങളും പെരുമലയനിലൂടെ കൂറ്റ് കാട്ടിയ പ്രകാരം വേറെ കാണുമോ എന്ന് സംശയം. 72-ാമത്തെ വയസ്സില്‍ തലപ്പാളിയും ചിലമ്പും അഴിച്ചുവെയ്ക്കും വരെ ആ പൂര്‍ണ്ണതയ്ക്ക് തെല്ലും മാറ്റം വന്നില്ല.

ഇന്നോളം പേരുകേട്ട തെയ്യക്കാരില്‍ എടുത്തു പറയാവുന്ന ബഹുമുഖ പ്രതിഭ. പുതുതലമുറയ്ക്ക് പെരുമലയന്റെ തെയ്യം അന്യമാണെങ്കിലും പഴമക്കാരുടെ വാക്കുകളില്‍ പെരുമലയന്റെ തെയ്യത്തെ കുറിച്ചുള്ള വാതൊരാതെയുള്ള വര്‍ണ്ണനകള്‍ കേള്‍ക്കാം. നമുക്ക് ഉറപ്പിച്ചു പറയാനാകും യുവതലമുറയിലെ തെയ്യപ്രേമികളുടെ നഷ്ടങ്ങളുടെ പട്ടിക എടുത്താല്‍ അതില്‍ മുന്‍പന്തിയിലുള്ളവരുടെ ഒപ്പം ഇദ്ദേഹത്തിന്റെ പേരുണ്ടാകും. ഒരു വട്ടം എങ്കിലും പെരുമലയന്റെ കോലത്തെ കാണാനാവത്തത് ഇന്നിന്റെ നഷ്ടം തന്നെയാണ്.

അംഗീകാരങ്ങള്‍ പെരുമലയനെ തേടിയെത്തിയോ എന്ന് ചോദിച്ചാല്‍ മൂകാംബിക ക്ഷേത്രത്തില്‍ വെച്ച് തന്ത്രികളാലും, മധൂര്‍ ക്ഷേത്രം, പാലക്കുന്ന് കഴകം മേല്‍പ്പുറത്ത് തറ, പള്ളിക്കര പഞ്ചായത്ത്, കണ്ണന്‍ പാട്ടാളി കഥകളി ട്രസ്റ്റ്.. എന്നിവടങ്ങളില്‍ നിന്നും അദ്ദേഹം ആദരവ് ഏറ്റുവാങ്ങിയിട്ടുണ്ട്.

2012- ല്‍ കഴക സ്ഥാനീകരുടെയും ആചാര ക്കാരുടെയും സാന്നിദ്ധ്യത്തില്‍ ചിറക്കല്‍ കോവിലകത്ത് നിന്നും തറവാട്ടാചാരമായി ഇളംകുറ്റി പെരുമലയന്‍ ബഹുമതി സ്വീകരിച്ചു. വരും തലമുറയ്ക്ക് വഴിവിളക്കായി ഈ മനുഷ്യന്‍ ഇവിടെ കാണും. എം. പാര്‍വതിയാണ് ഭാര്യ. പുലോമജ, സിന്ധുജ, അഗജ, മനസിജന്‍ പണിക്കര്‍, കമലജ, ഉണ്ണികൃഷ്ണന്‍ പണിക്കര്‍ എന്നിവര്‍ മക്കള്‍.

പതിറ്റാണ്ടുകളായി ഉത്തരമലബാറില്‍ തെയ്യം മേഖലയില്‍ നല്‍കിയ സമഗ്ര സംഭവനയ്ക്ക് അനുഷ്ഠാന സപര്യ വിഭാഗത്തിലാണ് മുകുന്ദന്‍ പെരുമലയനെ തേടി കലാഭാസ്‌കര്‍ അവാര്‍ഡ് വടക്കന്റെ മണ്ണിലെത്തിയത്. ആദ്യമായാണ് ഒരു തെയ്യക്കാരന്‍ ഈ അവാര്‍ഡിനര്‍ഹനാവുന്നത്

സുജിത്ത് പി വി ഉദയമംഗലം

Spread the love

Leave a Reply

Your email address will not be published. Required fields are marked *