CLOSE

ആളും ആരവങ്ങളുമില്ലാതെ വയനാട്ടുകുലവന്‍ തറവാടുകളില്‍ ‘പുതിയൊടുക്കല്‍’ അടിയന്തിരം; വറുതിയിലായ വെളിച്ചപ്പാടന്മാര്‍ക്ക് തെല്ലൊരാശ്വാസം

‘ക്ഷീരശൈലം മുന്‍പേതുമായിട്ട്…… പുടവനാട് പന്ത്രണ്ടും പന്ത്രണ്ടിന്റെ മകനും, മരുമകനും… മൂന്ന്തറക്കകത്തെ കരുമനാതികളും……..’ .

തെയ്യങ്ങളുടെ ഉരിയാട്ടങ്ങളില്‍ പാലക്കുന്ന് കഴകത്തെ കുറിച്ചുള്ള വാചകങ്ങളാണിത്.

കേരളത്തില്‍ ആകെയുള്ള നാല് തീയ സമുദായ കഴകങ്ങളില്‍ ഏറെ വ്യാപ്തിയുള്ളതാണ് പാലക്കുന്ന് കഴകം. നെല്ലിക്കാതുരുത്തി, രാമവില്യം, കുറുവന്തട്ട എന്നിവയാണ് മറ്റു കഴകങ്ങള്‍. നാല് കഴകങ്ങളും വ്യത്യസ്തമായ വിശേഷണങ്ങളാല്‍ പ്രസിദ്ധവുമാണ്. ബ്രാഹ്മണേതര പൂജ നടത്തുന്ന ആരാധനാലയങ്ങളാണ് കഴകങ്ങള്‍. 3000 വര്‍ഷം പാരമ്പര്യ സംസ്‌കാര സവിശേഷതകളുള്ള ഗോത്ര വര്‍ഗ്ഗമാണ് എട്ടില്ലം തീയ്യര്‍ എന്നതിന് ചരിത്ര വ്യാഖ്യാനങ്ങള്‍ ഒട്ടേറെയുണ്ടത്രെ. ഇവരുടെ കുലദൈവമാണ് വയനാട്ടുകുലവന്‍. മുത്തപ്പന്‍, കതിവനൂര്‍ വീരന്‍ തൊട്ട് മുക്രിപോക്കര്‍, തൂവകാളി വരെ നിരവധി തെയ്യങ്ങള്‍ കെട്ടിയാടിക്കാനുള്ള മേല്‍കൊയ്മ തീയ്യ സമുദായത്തിന് അവകാശപ്പെട്ടതാണ്.

പുത്തരി കൊടുക്കല്‍

‘പാലക്കുന്ന് കഴക പരിധിയില്‍ 122 എട്ടില്ലം തീയ്യ തറവാടുകളാണുള്ളത്. ഏതാനും തറവാടുകളൊഴികെ മറ്റെല്ലായിടത്തും കുലദൈവമായ വയനാട്ടു കുലവനെയാണ് പ്രതിഷ്ഠിച്ച് ആരാധിച്ചു വരുന്നത്. ഇവിടങ്ങളിലെ വാര്‍ഷിക ആചാരമാണ് ‘പുതിയൊടുക്കല്‍’ അഥവാ പുത്തരി കൊടുക്കല്‍ അടിയന്തിരം. പത്താമുദായത്തിനു ശേഷം അതാത് തറവാട് കമ്മിറ്റികള്‍ക്ക് സൗകര്യപ്രദമായ ദിവസങ്ങളില്‍ കുലകൊത്തി നടത്തുന്ന ചടങ്ങാണിത്. കുലദൈവങ്ങള്‍ക്ക് പുത്തരി നിവേദിക്കുന്ന ആ ദിവസം കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും സന്താനങ്ങളും തറവാട്ടില്‍ ഒത്തുചേരും. വിവാഹിതരായ ഓരോ സ്ത്രീയും പുത്തരിക്കാവശ്യമായ വിഹിതമായി അഞ്ചു ഇടങ്ങഴി അരിയും ദീപത്തിന് എണ്ണയും നിര്‍ബന്ധമായും കൊണ്ടുവരണമെന്നാണ് ചട്ടം. പ്രതീകാത്മകമായി തറവാട് കമ്മിറ്റി മുന്‍കൂട്ടി നിശ്ചയിക്കുന്ന തുകയാണ് ഇപ്പോള്‍ ആ ദിവസം തറവാട്ടില്‍ നല്‍കുന്നത്.

അരി/എണ്ണ പൈസ നല്‍കി രസീത് കൈപ്പറ്റുന്നവര്‍ക്കെല്ലാം ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോള്‍ പ്രസാദമായി ചുട്ടെടുത്ത അടയും പഴവും നല്‍കും. തറവാട്ടിലെത്തുന്ന ക്ഷണിക്കപ്പെട്ടവര്‍ക്കെല്ലാം അടയും പഴവും പ്രസാദമായി വിതരണം ചെയ്യും. തുടര്‍ന്ന് ഭക്ഷണം കഴിച്ചാണ് എല്ലാവരും മടങ്ങുക.

കോവിഡ് കാലത്തെ പുതിയൊടുക്കല്‍

പക്ഷേ ഈ കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള നിബന്ധനകള്‍ മാനിച്ച് പുത്തരി കൊടുക്കല്‍ ചടങ്ങില്‍ മാത്രം ഒതുങ്ങി പോകുന്നതിനാല്‍ അട വിതരണവും സമൂഹ സദ്യയും ഒഴിവാക്കേണ്ടി വന്നു. എങ്കിലും തറവാട്ടിലേക്കുള്ള വാര്‍ഷിക വിഹിതം ഏല്‍പ്പിക്കാനും തൊഴുത് വണങ്ങാനുമായി പകല്‍ നേരങ്ങളില്‍ ഇവരെല്ലാം തറവാട്ടിലെത്തുന്നുണ്ട്.

നിലവിലെ സാഹചര്യത്തില്‍ ചടങ്ങില്‍ മാത്രമൊതുക്കി ഈ വാര്‍ഷിക പുത്തരികൊടുക്കല്‍ ചടങ്ങ് തറവാട് അംഗങ്ങളിലും പ്രത്യേകം ക്ഷണിക്കപ്പെട്ട ചുരുക്കം ചില സമീപവാസികളിലും ഒതുങ്ങിയപ്പോള്‍ തറവാട് വളപ്പില്‍ ആളും ആരവവും ഇല്ലാതായി. വര്‍ഷത്തില്‍ ഒരിക്കല്‍ കുടുംബാംഗങ്ങളുടെ ഒത്തുചേരലിന്റെ സ്പന്ദനസുഖം കോവിഡ് നിബന്ധനകളില്‍ പാടേ നഷ്ടപ്പെട്ടുപോകുന്നുവെന്ന പരാതി ഉയരുന്നുണ്ടെങ്കിലും തൊണ്ടച്ചന്മാര്‍ക്ക് പുത്തരി വിളമ്പാന്‍ സാധിച്ചുവെന്നതില്‍ എല്ലാവരും സ്വയം തൃപ്തരാവുകയാണ്.

വെളിച്ചപ്പാടന്മാര്‍

ഒരു വര്‍ഷമായി വയനാട്ടുകുലവന്‍ തെയ്യം കെട്ടുത്സവങ്ങളും മറ്റും നടക്കാതിരിക്കുമ്പോള്‍ വരുമാനമില്ലാതെ വറുതിയിലായ വെളിച്ചപ്പാടന്മാര്‍ക്കും മറ്റു സഹായികള്‍ക്കും തറവാടുകളിലെ പുത്തരി കൊടുക്കല്‍ ചടങ്ങ് മാത്രമാണിപ്പോള്‍ തെല്ലൊരാശ്വാസം.
തുലാപത്തിനു ശേഷമാണ് ജില്ലയില്‍ തീയ സമുദായ എട്ടില്ലം തറവാടുകളില്‍ പുത്തരി അടിയന്തിരത്തിന് തുടക്കം കുറിക്കുന്നുന്നത്. വിഷുവിനു മുന്‍പായി മിക്കയിടത്തും ഇതു പൂര്‍ത്തിയാകും. അടവിതരണവും തുടര്‍ന്ന് നടത്തുന്ന സമൂഹ സദ്യയും പരിമിതമാകുമ്പോഴും വര്‍ഷത്തില്‍ നടത്തുന്ന ഈ ചടങ്ങ് ഏറെ കൃത്യതയോടെ പൂര്‍ത്തിയാക്കാന്‍ തറവാട് ഭാരവാഹികള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പുത്തരിക്കു ശേഷം നേര്‍ച്ചയായി നടത്തുന്ന ‘കൈവീത്’ ‘ ചിങ്ങമാസം വരെ നടത്താം.
ആള്‍ക്കൂട്ടം വേണ്ടെന്നുവെച്ചാലും പുത്തരി അടിയന്തിര ചടങ്ങുകളില്‍ വെളിച്ചപ്പാടന്മാരുടെ സാനിധ്യം നിര്‍ണായകമാണ്. തീയ്യ സമുദായത്തില്‍ പെട്ടവര്‍ക്കാണ് ഇവിടെ വെളിച്ചപ്പാടനാകാന്‍ അവകാശം. നിലവിലെ സാഹചര്യത്തില്‍ തെയ്യംകെട്ട് ഉത്സവങ്ങളെല്ലാം മാറ്റിവെക്കേണ്ടി വന്നതില്‍ ജീവിതം മുന്നോട്ട് നീക്കാന്‍ പൊറുതി മുട്ടുന്ന കോലധാരികളോടൊപ്പം വെളിച്ചപ്പാടന്മാരും ദുരിതത്തിലാണിപ്പോള്‍. എങ്കിലും തറവാടുകളിലെ പുത്തരി അടിയന്തിരങ്ങളില്‍ ആചാരനിര്‍വഹണം അനിവാര്യമാണെന്നതില്‍ വെളിച്ചപ്പാടന്മാര്‍ തെല്ലൊരാശ്വാസത്തിലാണ്. അവിടെ നിന്ന് കിട്ടുന്ന പ്രതിഫലം മാത്രമാണിവര്‍ക്ക് ഇപ്പോള്‍ തെല്ലൊരാശ്വാസമെന്ന് ‘വിഷ്ണുമൂര്‍ത്തി-വയനാട്ടുകുലവന്‍ വെളിച്ചപ്പാടന്‍ പരിപാലന സംഘം’ ജില്ലാ പ്രസിഡന്റ് അരവിന്ദന്‍ കാസറകോട് ഈ ലേഖകനോട് പറഞ്ഞു . ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് സഹായം കിട്ടിയില്ലെങ്കില്‍ ജില്ലയിലെ നൂറോളം വരുന്ന വെളിച്ചപ്പാടന്മാര്‍ മുഴുപട്ടിണിയിലാകുമെന്ന് അദ്ദേഹം ആശങ്കപ്പെടുന്നു.

ധന്യതയില്‍ സംതൃപ്തി

രാത്രിയിലെ അട വിതരണവും സമൂഹ പുത്തരിസദ്യ വിളമ്പലും പരിമിതപ്പെട്ടുവെങ്കിലും ചടങ്ങുകള്‍ എല്ലാം കൃത്യതയോടെ പൂര്‍ത്തിയാക്കാന്‍ തറവാട് ഭാരവാഹികള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ആ പൂര്‍തീകരണത്തിന്റെ ധന്യതയില്‍ അവരെല്ലാം സംതൃപ്തരാണ്.

പാലക്കുന്നില്‍ കുട്ടി

Spread the love

Leave a Reply

Your email address will not be published. Required fields are marked *